Tuesday 13 August 2013

“എന്ത് കോണോത്തിലെ നാടാ ഉവ്വേ ഇത്” ........

സംവിധായകന്‍ രഞ്ജിത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. സംവിധാനത്തിലും അവതരണത്തിലും പ്രമേയത്തിലും എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവരാന്‍ എന്നും രഞ്ജിത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് ഏറെ കാലത്തെ മലയാള സിനിമാ റിലീസ് ഇടവേളയ്ക്ക് ശേഷം ആദ്യമെത്തിയ ചിത്രമായിരുന്നു കടല്‍ കടന്നൊരു മാത്തുക്കുട്ടി.
മമ്മൂട്ടി മുഖ്യ വേഷത്തിലും മോഹന്‍‌ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകളെ തകിടം മറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പെരുന്നാള്‍ ചലച്ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും പിന്നിലായ മാത്തുക്കുട്ടി സംവിധായകന്‍ രഞ്ജിത്തിനും വലിയ തിരിച്ചടിയാണ് നല്‍കിയത്. പുതുമയുള്ള ഒന്നും ഇല്ലെന്നത് മാത്രമല്ല. ചിത്രം പലയിടത്തും ലാഗ് ചെയ്യുന്നതായും പ്രേക്ഷകര്‍ തന്നെ പറയുന്നു. പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപ്പീ, സ്‌പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങള്‍ മനസ്സിലിട്ടാണ് പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ കാണാന്‍ എത്തിയത്. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ വ്യത്യസ്‌തമായ പേരും അതിന്റെ ടീസറും കണ്ട് ചിത്രത്തിനെത്തിയവരും ഒട്ടും കുറവല്ലായിരുന്നു. എന്നാല്‍ കടുത്ത മമ്മൂട്ടി ആരാധകരെ പോലും നിരാശരാക്കുന്ന ഫലമാണ് ചിത്രം നല്‍കുന്നത്. ചിത്രം കണ്ടിറങ്ങുന്ന പലരും പറയുന്നു... ഇത് ടീസറില്‍ പറഞ്ഞത് പോലെ ആയല്ലോ? “എന്ത് കോണോത്തിലെ നാടാ ഉവ്വേ ഇത്” എന്ന് മമ്മൂട്ടി ടീസറില്‍ ഒരു ഡയലോഗ് പ്രസന്റേഷന്‍ ചെയ്യുന്നുണ്ട്. അതിനെ ചിത്രം അന്വര്‍ത്ഥമാക്കുന്നുവെന്നാണ് ആക്ഷേപം. ആ ഡയലോഗ് അല്‍പ്പമൊന്ന് മാറ്റി “എന്ത് കോണോത്തിലെ പടമാ ഉവ്വേ ഇത്” എന്നാക്കിയാൽ മാത്രം മതി...

No comments:

Post a Comment